
കേരളത്തിൻ്റെ റിപ്പബ്ലിക് ദിന നിശ്ചലദൃശ്യം തള്ളിയതിൽ വിശദീകരണവുമായി കേന്ദ്രം. രൂപകല്പനയിലെ അപാകതകൾ മൂലമാണ് ഫ്‌ലോട്ട് തള്ളിയതെന്ന് കേന്ദ്രം അറിയിച്ചു. ടൂറിസം @75 എന്ന വിഷയത്തിൽ വ്യക്തതയില്ലായിരുന്നു. മുന്നിലും പിന്നിലും ഒരേ മാത്യകയുള്ള രൂപരേഖയാണ് ആദ്യം നൽകിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിൻ്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ല.

കൂടാതെ, രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും കേന്ദ്രം മറുപടിയിൽ പറയുന്നു. നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു. കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം ഇത്തവണ തയാറാക്കിയത്. നിശ്ചലദൃശ്യത്തിൽ ആദി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദേശം കേരളം അംഗീകരിച്ചിരുന്നില്ല.
ശങ്കരാചാര്യർക്ക് പകരം ശ്രീനാരായണ ഗുരുവിനെയാണ് ഉൾപ്പെടുത്തിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിൻ്റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്.
