
ഉദുമ/ കാസർകോട്: ഇന്ത്യന്‍ കേബിള്‍ ടി.വി മേഖലയുടെ നെടുനായകനും കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നാസ്സര്‍ ഹസ്സന്‍ അന്‍വറിൻ്റെ ഓര്‍മ്മയുമായി സി.ഒ.എ കേബിള്‍ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പാലക്കുന്നിലെ ബേക്കല്‍ ഫോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ അന്‍വറോര്‍മ്മ എന്ന പേരില്‍ നടത്തിയ ആറാമത് അനുസ്മരണ പരിപാടി ഉദുമ മണ്ഡലം എം.എല്‍.എ അഡ്വ: സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

താനടക്കമുള്ളവര്‍ അന്‍വറിലൂടെയാണ് കേബിള്‍ ടി. വി കണ്ടതെന്നും ആ മേഖലയെ ഇന്ന് കാണുന്ന രീതിയില്‍ വാര്‍ത്തകളും വിനോദ വിജ്ഞാന പരിപാടികളും വീടുകളിലെത്തിക്കുന്ന വലിയൊരു ശൃംഖലയാക്കി വളര്‍ത്തിയ ഉപജ്ഞാതാക്കളില്‍ ഓരാളാണ് അന്‍വറെന്നും അദ്ദേഹം പറഞ്ഞു. പഠനകാലത്തും തുടര്‍ന്നും പൊതു പ്രവര്‍ത്തനത്തിലെ തൻ്റെ പ്രയാണത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ ഏറ്റവും അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്നു അന്‍വറെന്നും എം.എല്‍.എ വ്യക്തമാക്കി.
ചടങ്ങില്‍ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് അദ്ധ്യക്ഷനായി. ഇന്ത്യന്‍ കേബിള്‍ ടി.വി വ്യവസായത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അന്‍വറെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേബിള്‍ ടി.വിയെ ഇന്റര്‍നെറ്റ് മേഖലയിലേക്ക് കൂടി ചുവട് വെപ്പിച്ചാണ് അവിചാരിതമായി വിടപറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മൈഫിന്‍ പോയിന്റ് സിഒഒയും കേബിള്‍ സ്‌കാന്‍ ചീഫ് എഡിറ്ററുമായ എന്‍.ഇ ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അന്‍വറിൻ്റെ പേരിലുള്ള കാരുണ്യ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി സി.സി.എന്നും സബ് ഡിസ്ട്രിബ്യൂട്ടര്‍മാരും സംയുക്തമായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന ഭക്ഷണ വിതരണത്തിനും മരുന്ന് വിതരണത്തിനുമുള്ള തുക ചടങ്ങില്‍ കൈമാറി. ടൈംസ് നെറ്റ് വര്‍ക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, സിഡ്കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, കെസിബിഎല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, എം.ഡി എം.രാജ്മോഹന്‍, കെസിസിഎല്‍ എം.ഡി പി.പി സുരേഷ്, സി.ഒ.എ സംസ്ഥാന ട്രഷറര്‍ പി.എസ് സിബി, സംസ്ഥാന സെക്രട്ടറി നിസാര്‍ കോയംപറമ്പന്‍, എന്‍.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്സാരഥി ആശാ അന്‍വര്‍, സിഒഎ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു. മെയ് 7 കേബിള്‍ ദിനാചരണ ഭാഗമായി കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും 80-മേഖലാ ആസ്ഥാനങ്ങളിലും സി.ഒ.എ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പതായ ഉയര്‍ത്തി.
ഇതോടൊപ്പം തന്നെ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസർകോടിൻ്റെ സ്വപ്ന പദ്ധതിയായ സി.ഒ.എ ഭവൻ്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പാലക്കുന്നിലെ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസ് സമീപത്തായി എന്‍.എച്ച് അന്‍വറിൻ്റെ പേരില്‍ നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ശിലാസ്ഥാപനം നടത്തി.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ മുഖ്യാതിഥിയായി. കെ.സി.സിഎല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍ സ്വാഗതവും സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.
