
ഇണചേരാന്‍ എത്തിച്ച പേര്‍ഷ്യന്‍ പെണ്‍പൂച്ച ചത്തത് ആണ്‍പൂച്ചയുടെ ഉടമയ്ക്ക് പണിയായി. മലപ്പുറം തിരുന്നാവയയിലാണ് സംഭവമുണ്ടായത്. വിലകൂടിയ ഇനമായതിനാല്‍ നഷ്ടപരിഹാരം ചോദിച്ച് പെണ്‍പൂച്ചയുടെ ഉടമ പോലീസിനെ സമീപിച്ചതോടെയാണ് ആണ്‍പൂച്ചയുടെ വീട്ടുകാര്‍ കുടുങ്ങിയത്.

നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ നല്‍കണം എന്നാണ് അയങ്കലം സ്വദേശി ഫാം ഉടമയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തരില്ലെന്ന് പറഞ്ഞതോടെ കേസ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പോലീസ് ഇരുവരെയും വിളിപ്പിച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഫാം ഉടമ മറ്റൊരു പൂച്ചയെ ചത്തുപോയ പൂച്ചയുടെ ഉടമക്ക് നല്‍കി പ്രശ്‌നം പരിഹരിച്ചു.
പ്രജനനത്തിനായി ഇണ ചേരാനായാണ് വിലകൂടിയ പേര്‍ഷ്യന്‍ പൂച്ചയെ അയങ്കലം സ്വദേശി തിരുന്നാവായയില്‍ പൂച്ചകളെ വളര്‍ത്തുന്ന ഫാമില്‍ എത്തിച്ചത്. നേരത്തെ ഈ പൂച്ചയെ കൊണ്ട് വന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു. എന്നാല്‍ ഫാമില്‍വെച്ച് പെണ്‍പൂച്ച ചത്തതോടെയാണ് പോലീസ് കേസായത്.
