
കാസർകോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലത്തില്‍ ആകെ 116 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 24 പരാതികള്‍ മാറ്റി വെച്ചു. പരാതികളില്‍ കൂടുതലും ഭൂസംബന്ധമായതായിരുന്നു. പട്ടയഭൂമി പ്രശ്നങ്ങള്‍, അതിര്‍ത്തി നിര്‍ണയ തര്‍ക്കങ്ങള്‍, പട്ടയഭൂമിയിലേക്കുള്ള വഴി തടസപ്പെടുത്തി തുടങ്ങിയവയാണ് ഏറെയും.

മാറ്റിവെച്ച പരാതികള്‍ അടുത്ത ഹിയറിംഗിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. 62 പരാതികള്‍ പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ചിരുന്നു. അവ പിന്നീട് പരിഗണിക്കും. അക്രമം, അടിപിടി, ജാതി പേര് വിളിച്ചുള്ള അധിഷേപങ്ങള്‍ തുടങ്ങിയ കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 75 ശതമാനത്തോളം കേസുകള്‍ പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു.
അദാലത്ത് വളരെ വിജയകരമായിരുന്നെന്നും അദാലത്തില്‍ രണ്ടു ദിവസവും പൂര്‍ണ സമയം കമ്മീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീയെ കമ്മീഷന്‍ പ്രത്യേകം പ്രശംസിച്ചു. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അംഗം എസ്. അജയ കുമാര്‍ (മുന്‍ എം.പി), കമ്മീഷന്‍ രജിസ്ട്രാര്‍ പി. ഷേര്‍ലി, ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്. മീനാ റാണി പട്ടിക വര്‍ഗ വികസന ഓഫീസര്‍ മല്ലിക വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
