
കാസർകോട്: ബദിയടുക്ക ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകം എന്ന് പോലീസ്. ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കുഞ്ഞിന്‍റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. കൊലയ്ക്കുള്ള കാരണം പോലീസ് അന്വേഷിക്കുന്നു.

രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നു വെന്ന് വ്യക്തമായത്. ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത് എന്നാണ് പറയുന്നത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം സി.ഐ പരിയാരം മെഡിക്കൽ കോളേജിലെത്തി പോസ്റ്റ് മോർട്ടം നടത്തിയ പോലീസ് സർജന്‍റെ മൊഴിയെടുത്തതിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായിരുന്നു. നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ഉത്തംദാസ് അറിയിച്ചു.
