യു.പിയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ ; റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ ; റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

യു.പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ നല്‍കിയ സംഭവം റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ജന്‍സന്ദേശ്​ എന്ന ഹിന്ദി പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്​സ്വാളിനെതിരെ ആണ്​ കേസെടുത്തത്​. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്​ ആരോപിച്ചാണ്​ കേസ്​.

യോഗി ആദിത്യനാഥ്​ സര്‍ക്കാറിന്​ കീഴില്‍ മുൻപും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ പ്രാഥമിക ശിക്ഷ അധികാരി പ്രവീണ്‍ കുമാര്‍ തിവാരിക്ക് നിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്​തിരുന്നു. ജയ്​സ്വാളിനെ വിവരമറിയിച്ച മിര്‍സാപൂരിലെ ജനപ്രതിനിധി ഉള്‍പ്പെടെ മറ്റ്​ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത ചമച്ചുവെന്നതാണ്​ ഇവര്‍ക്കെതിരെയുള്ള കുറ്റം.കുട്ടികള്‍ക്ക് ‘ചപ്പാത്തിയും ഉപ്പും’ മാത്രം നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊള്ളസംഘങ്ങളെ കുറിച്ച്‌​ റിപ്പോര്‍ട്ട്​ ചെയ്​ത നോയിഡയിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പോലീസ്​ കേസെടുത്തിരുന്നു. നോയിഡ​ പോലീസിനെ അപകീര്‍ത്തിപ്പെടുത്താനും ചില ഉദ്യോഗസ്ഥരെ ബ്ലാക്​മെയില്‍ ചെയ്യാനുമുള്ള ശ്രമമാണ്​ അവരുടെ റിപ്പോര്‍ട്ട്​ എന്ന്​ ആരോപിച്ചായിരുന്നു കേസ്​.

വാരാണസിയില്‍ പോലീസ്​ കുട്ടികളെ ശുചീകരണത്തിന്​ ഉപയോഗിക്കുന്ന ചിത്രം പകര്‍ത്തിയതിന്​ ഒരു ഫോ​ട്ടോ ജേണലിസ്​റ്റിനെതിരെ കേസെടുത്തിരുന്നു. കുട്ടികളെ പണം നല്‍കി ജോലിയെടുപ്പിച്ചു എന്ന കുറ്റംചുമത്തിയാണ്​ കേസെടുത്തത്​.

0Shares