പുറത്തുവന്നത് കെ.പി.സി.സി പ്രസിഡന്റിൻ്റെ യഥാര്‍ത്ഥ സംസ്ക്കാരം; കെ. സുധാകരൻ്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing പുറത്തുവന്നത് കെ.പി.സി.സി പ്രസിഡന്റിൻ്റെ  യഥാര്‍ത്ഥ സംസ്ക്കാരം; കെ. സുധാകരൻ്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിലൂടെ അറിയിച്ചു. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യു.ഡി.എഫിൻ്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സി.പി.എം പറയുന്നു.

സംസ്ഥാനത്തിൻ്റെ വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യു.ഡി.എഫ്‌. ഇതിൻ്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെ.പി.സി.സി പ്രസിഡന്റിൻ്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

കോണ്‍ഗ്രസ്സിൻ്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസ്സിൻ്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളുടെയും യു.ഡി.എഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌. രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോൾ മാത്രമേ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെ.പി.സി.സി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിൻ്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌.

പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്നും സി.പി.ഐ. എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

0Shares