സി.എ.എ പ്രതിഷേധം; കേരളത്തിലെ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നടപ്പായില്ല; 835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing സി.എ.എ പ്രതിഷേധം;  കേരളത്തിലെ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നടപ്പായില്ല;  835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രം

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിച്ചുകളിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ 2021 ഫെബ്രുവരി 24നാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സി.എ.എ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ പ്രതികള്‍ 6847. ഈ കേസുകളില്‍ 34 എണ്ണം മാത്രമാണ് പിന്‍വലിച്ചത് എന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ചോദ്യത്തിന് ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

പിന്‍വലിച്ച ഈ 34 കേസുകളില്‍ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒന്നു പോലും പിന്‍വലിച്ചിട്ടില്ല.

തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 86 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാനൂറിലേറെ പ്രതികളുണ്ട്. ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. കൊല്ലം സിറ്റിയിലും റൂറലിലുമായി രജിസ്റ്റര്‍ ചെയ്തത് 44 കേസുകള്‍. ആകെ മുന്നൂറ് പ്രതികളുണ്ട്. ഒരു കേസും പിന്‍വലിച്ചിട്ടില്ല. പത്തനംതിട്ടയില്‍ 16 ഉം ആലപ്പുഴയില്‍ 25 ഉം കോട്ടയത്ത് 26 ഉം കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു കേസും പിന്‍വലിച്ചിട്ടില്ല. യഥാക്രമം 214, 446, 665 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പ്രതികളുടെ എണ്ണം.

0Shares