ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപ വരെയുള്ള നോട്ടുകെട്ടുകള്‍; പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു, തുടരന്വേഷണം ഇ.ഡിയും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും

You are currently viewing ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപ വരെയുള്ള നോട്ടുകെട്ടുകള്‍; പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു, തുടരന്വേഷണം ഇ.ഡിയും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും

തൃശൂര്‍: ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിദഗ്‌ധൻ ഡോക്ടര്‍ ഷെറി ഐസക്കിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ ശേഖരം. കിടക്ക തുറന്ന് പരിശോധിച്ച വിജിലൻസ് സംഘം കണ്ടത് 20 രൂപയുടെ മുതല്‍ 2000 രൂപയുടെ വരെയുള്ള കെട്ടുകള്‍. 2000 രൂപയുടെ മാത്രം 40 നോട്ടുകള്‍ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും.

കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകള്‍ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാൻ ആളുകള്‍ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ. 50, 100, 200 രൂപാ നോട്ടുകള്‍ കെട്ടുകളാക്കി തിരിച്ച്‌ ഇവ റബര്‍ ബാൻഡിട്ട് സൂക്ഷിച്ചിരുന്നു.

റബര്‍ ബാൻഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ വിജിലൻസ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോള്‍ സഹായവുമായി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ നാട്ടുകാരുമെത്തി.

കൈക്കൂലിക്ക് പുറമെ രോഗിയുടെ ഭര്‍ത്താവ് വീട്ടിലെ ജോലികള്‍ ചെയ്യണമെന്നും ഡോക്ടറുടെ ആവശ്യം. തന്‍റെ വീട്ടിലെ ‘അല്ലറ ചില്ലറ’ ജോലികള്‍ കൂടി ചെയ്‌തുതരാൻ ഡോക്ടർ ആവശ്യപ്പെട്ടെന്ന് രോഗിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എ.സി മെക്കാനിക്കും പുല്ലുവെട്ടു തൊഴിലാളിയുമാണ് യുവതിയുടെ ഭര്‍ത്താവ്. ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് വീട്ടിലെ എ.സിക്ക് തകരാര്‍ ഉണ്ടെന്നും സൗജന്യമായി നന്നാക്കി നല്‍കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടത്. വീടിന്‍റെ മുറ്റത്തെ പുല്ലുവെട്ടാൻ വരണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും മറ്റു വ‍ഴികളില്ലാത്തതിനാല്‍ സമ്മതിക്കേണ്ടി വന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.

ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ എത്തിയ പരാതിക്കാരൻ ഡോ ഷെറി ഐസകിന് കൈക്കൂലി നല്‍കിയപ്പോള്‍ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രമാണ് ഇയാള്‍ ചികിത്സ നല്‍കിയിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അതേസമയം 15 ലക്ഷം രൂപ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇ.ഡി യുടെ അന്വേഷണം ഡോക്ടര്‍ക്കെതിരെ ഉണ്ടാകും. പണം പിടിച്ചെടുത്ത വിവരം വിജിലൻസ് ഇ.ഡി യെ അറിയിച്ചിരുന്നു. ഇ.ഡിക്ക് പുറമേ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും ഷെറി ഐസക്കിന്‍റെ സ്വത്തുക്കളിന്മേല്‍ അന്വേഷണം നടത്തുമെന്നാണ് വിവരം.

0Shares