
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തു. രണ്ടുദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യല്‍ തുടർന്നു. കൊച്ചി ഡി.സി.പിയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.
യുവനടി ഉന്നയിച്ചത് വ്യാജ പരാതിയാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പറഞ്ഞു. തൻ്റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു പൊലീസിനോട് ആവര്‍ത്തിച്ചു.

പുതുമുഖ നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, അത് പീഡനമോ ബലാത്സംഗമോ ആയിരുന്നില്ല എന്നുമാണ് വിജയ് ബാബു പൊലീസിനോടും കോടതിയോടും വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധം നടന്നിട്ടുണ്ട്. എന്നാല്‍ അത് ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു.
എതിര്‍കക്ഷി പ്രതീക്ഷിച്ച ചില കാര്യങ്ങള്‍ നടക്കാതെ വന്നതോടെയാണ് ബലാത്സംഗ പരാതി ഉയര്‍ന്നതെന്നും നടന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പരാതിക്കാരിയും താനും തമ്മില്‍ സൗഹൃദമായിരുന്നെന്ന് വാദിക്കുന്ന രേഖകളാണ് പൊലീസിന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. തൻ്റെ നിരപരാധിത്വം തെളിവുകള്‍ സഹിതം തെളിയിക്കാന്‍ ആകുമെന്നും നടന്‍ പറഞ്ഞു. ഇതോടെയാണ്, അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടിയത്. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് കോടതി വിജയ് ബാബുവിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

തന്നെ മദ്യം നല്‍കി ബലാത്സംഗം ചെയ്തെന്നും കാറിനുള്ളില്‍ വെച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചെന്നും രാസ ലഹരിമരുന്ന് നല്‍കാന്‍ ശ്രമിച്ചെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ ഉന്നയിച്ചത്. എന്നാല്‍, നടിയും വിജയ് ബാബുവും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും ഉപഹര്‍ജിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ നടന്‍ വിജയ് ബാബുവിൻ്റെ നിലപാടുകളെ കോടതിയും പൊലീസും മുഖവിലയ്ക്കെടുക്കുന്നെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
