
കാസർകോട്: ചികിത്സയ്ക്ക് രോഗികളിൽ നിന്നും കൈക്കൂലി വാങ്ങിയ കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്‌ത്യേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരി വിജിലൻസിൻ്റെ പിടിയിൽ കുടുങ്ങി. 2019ൽ രോഗിയോട് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ലോക്കൽ ചാനലുകളിൽ വന്നതിനെ തുടർന്ന് സസ്പെൻഷൻ ഉൾപ്പെടെയുളള വകുപ്പ് തല നടപടികൾക്ക് ഇതേ ഡോക്ടർ വിധേയനായിരുന്നു.
മധൂർ പട്ള സ്വദേശി എ.മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ബാസ് പി.എം ചികിത്സയ്ക്കായി ഗവൺമെണ്ട് ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ അഭിജിത്തിനെ 21.07.2023ന് കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്‌തിരുന്നു.
ഓപ്പറഷന് തിയ്യതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ പറയുകയും ചെയ്‌തിരുന്നു. 26.7.2023ന് വെങ്കിട ഗിരി ഡോക്ടറെ കണ്ടപ്പോൾ ഡിസംബർ മാസത്തിലാണ് തീയതി നൽകിയത്.

ഓപ്പറേഷൻ തിയ്യതി മുന്നോട്ട് ആക്കുന്നതിനാണ് 2000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്.
ഈ ഡോക്ടർക്കെതിരെ നിരവധി ആരോപണങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അനസ്‌ത്യേഷ്യ ഡോക്ടർമാരുടെ അഭാവത്തിൽ സർക്കാർ ആശുപത്രിയിലെ സർജറികൾ മുടങ്ങാതിരിക്കാൻ വേണ്ടിയാണ് രോഗികൾ പരാതിയുമായി വരാതിരുന്നത്.
സംസ്ഥാനത്ത് അനസ്‌ത്യേഷ്യ വിഭാഗത്തിൽ ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്. സംഘടനയുടെ സംസ്ഥാനതല നേതാവാണ് പിടിയിലായ ഡോ വെങ്കിട ഗിരി എന്നാണ് പറയപ്പെടുന്നത്. അതിനാൽ ഉദ്യോഗസ്ഥ തലത്തിൽ വെങ്കിട ഗിരിക്ക് നല്ല സ്വാധീനം ഉള്ളതായും പറയപ്പെടുന്നു.
സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ രഹസ്യമായി സ്വകാര്യ ആശുപത്രികളിൽ അനസ്‌ത്യേഷ്യ കുത്തിവെയ്ക്കാൻ നിയോഗിക്കുന്നുണ്ടെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ കെ.സുനുമോൻ, സബ് ഇൻസ്പെക്ടർമാരായ കെ.രാധാകൃഷ്ണൻ, വി.എം മധുസൂദനൻ, പി.വി സതീശൻ, അസിസ്റ്റണ്ട് സബ് ഇൻസ്പെക്ടർമാരായ വി.ടി സുഭാഷ് ചന്ദ്രൻ, പ്രിയ.കെ നായർ, കെ.വി ശ്രീനിവാസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി ബിജു, ഷീബ, പ്രമോദ് കുമാർ, പ്രദീപ് കുമാർ, കൃഷ്ണൻ, എ.വി രതീഷ്, അസി. ഡിസ്ട്രിക് പ്ലാനിംഗ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്മെണ്ട് സീനിയർ സൂപ്രണ്ട് ബി.സുരേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
