തലച്ചോറിനേറ്റ ക്ഷതം പ്രവാസിയുടെ മരണ കാരണമെന്ന്; രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ, ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കാസർകോട്ട് കൊട്ടേഷൻ സംഘങ്ങൾ വിലസുന്നു

You are currently viewing തലച്ചോറിനേറ്റ ക്ഷതം പ്രവാസിയുടെ മരണ കാരണമെന്ന്; രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ, ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കാസർകോട്ട് കൊട്ടേഷൻ സംഘങ്ങൾ വിലസുന്നു

കാസര്‍കോട്: പ്രവാസി യുവാവ് ക്വട്ടേഷന്‍ സംഘത്തിൻ്റെ തടങ്കലില്‍ കൊല്ലപ്പെട്ടത് ക്രൂരമർദ്ദനം എറ്റാണെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖിൻ്റെ ശരീരത്തിലെ പേശികള്‍ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാല്‍ മാത്രമേ ശരീരം ഇത്തരത്തിൽ ആവുകയുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടേഷൻ സംഘത്തിൽ പതിനഞ്ചോളം പേരുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. സിദ്ദീഖിൻ്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും ക്രൂരപീഡനത്തിന് ഇരയായി. തലകീഴായി മരത്തില്‍ കെട്ടിയിട്ട് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന മുഗു സ്വദേശി അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അന്‍വറിനൊപ്പം അന്‍സാരി ക്വട്ടേഷന്‍ സംഘത്തിൻ്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിൻ്റെ ഒന്നാം നിലയില്‍വെച്ചും ബോളംകളയിലെ കാട്ടില്‍ വെച്ചും തന്നെ സംഘം മര്‍ദിച്ചതായും അന്‍സാരി പറഞ്ഞു.

പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മർദ്ദനം. അതിനിടയില്‍ സംഘത്തിൻ്റെ നിര്‍ദേശമനുസരിച്ച്‌ വീട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച്‌ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബോളംകളയിലെ കുന്നിന്‍പുറത്ത് സിദ്ദീഖിനെ മരത്തില്‍ കെട്ടി ഒരുസംഘം മര്‍ദിച്ചു. രാത്രിയായതോടെ പണത്തിൻ്റെ കാര്യത്തില്‍ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അന്‍സാരിയെയും ഒരു വാഹനത്തില്‍ കയറ്റി പൈവളിഗെയില്‍ ഇറക്കിവിടുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. 1500 രൂപയും സംഘം നല്‍കി. അവിടെ നിന്ന് ഓട്ടോയില്‍ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്.

പൈവളിഗെ നുച്ചിലയില്‍ പ്രതികള്‍ തങ്ങിയ വീട് പോലീസും വിരലടയാള വിദഗ്ധരും ചൊവ്വാഴ്ച പരിശോധിച്ചു. മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാന്‍ അവര്‍ പൈവളിഗെയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിൻ്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു. അന്വേഷണം ഉർജിതമാക്കിയ പോലീസ് അഞ്ചുപേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തു വരികയാണ്. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

0Shares