‘തേങ്ങൽ അടങ്ങാതെ കുടുംബം’; ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥിയുടെ മരണം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗളുരുവിലെ ആശുപത്രി ചികിത്സയിൽ

You are currently viewing ‘തേങ്ങൽ അടങ്ങാതെ കുടുംബം’; ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥിയുടെ മരണം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗളുരുവിലെ ആശുപത്രി ചികിത്സയിൽ

കാസര്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവാഴ്‌ച രാത്രി 10 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിൻ്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളേജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് തസ്‌നിം (20) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ് (20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്‌ഫാദ് (22) എന്നിവരെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്‌തിട്ടുണ്ട്.

തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്‌ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും ഓടിക്കൂടിയവർ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും തസ്‌നീം മരണപ്പെടുകയായിരുന്നു.

മറ്റുള്ളവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
മരണവിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിലുള്ള തസ്‌നിമിൻ്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ എത്തിയിരുന്നു. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ത്വഹ്‌റ തസ്‌നിമിൻ്റെ ഏക സഹോദരിയാണ്. വിദ്യാർത്ഥിയുടെ മരണം നാടിൻ്റെ ദുഃഖമായി മാറി.

0Shares