
ബോവിക്കാനം /കാസർകോട്: കിഫ്ബി ഫണ്ടിൽ നിന്നും 45.60 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ബോവിക്കാനം-കുറ്റിക്കോൽ റോഡ് പ്രവൃത്തി ഈ മാസം തുടങ്ങും. ഈറോഡ് ആസ്ഥാനമായ ആർ.എസ്. ഡെവലപ്പ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തുക. പദ്ധതി വിശദീകരണത്തിനും സഹായ കമ്മിറ്റി രൂപവത്‌കരണത്തിനും ബേത്തൂർപാറയിൽ മേഖലാതല യോഗം ചേർന്നു.

കെ.കുഞ്ഞിരാമൻ എം.എൽ.എ പദ്ധതി വിശദീകരിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻറ് പി.ജെ.ലിസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ഗോപിനാഥൻ, പഞ്ചായത്തംഗം കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു. നവീകരണത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കമ്മിറ്റിയിൽ തീരുമാനമായി. ബോവിക്കാനം ടൗണിൽ നിന്നാരംഭിച്ച് കുറ്റിക്കോൽ വരെയുള്ള 17കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കാൻ കിഫ്‌ബി മുഖേന 45.60 കോടി രൂപയാണ് ചെലവഴിക്കുക.
പത്ത് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. 32 കലുങ്കുകൾ നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ അരിക് സുരക്ഷയ്ക്ക് കോൺക്രീറ്റ് ചെയ്യും. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ ടൗണുകളിൽ നടപ്പാത നിർമിക്കും.
ഭാരവാഹികൾ: കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടുമാർ (മുഖ്യരക്ഷാധികാരികൾ), കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോപിനാഥൻ (ചെയർമാൻ), കെ.മണികണ്ഠൻ, ടി.ഗോപാലൻ (വൈസ് ചെയർമാൻമാർ), പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ (കൺവീനർ).
