
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: ഒരു കാലഘട്ടത്തിന്‍റെ മനുഷ്യ സഞ്ചാരപാതയുടെ അടയാളമായിരുന്ന ചുമട് താങ്ങികല്ല് പിഴുതെറിഞ്ഞ നിലയിൽ. ചുമലിൽ നിന്നും ഭാരം ഇറക്കിവെയ്ക്കാൻ നിലകൊണ്ടിരുന്ന ചരിത്ര പ്രാധാന്യമുള്ള കൽത്തൂണാണ് ആധുനികതയുടെ മരണക്കുഴിയിൽ വീണത്. കാസർകോട് ജില്ലയിലെ കുറ്റിക്കോൽ ടൗണിൽ തെക്കിൽ -അലട്ടി റോഡിന്‍റെ ഒരു വശത്തായി നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രത്തിന്‍റെ അടയാളമായിരുന്ന കൽത്തൂണിനടുത്തായി പടർന്ന് പന്തലിച്ച് പൂക്കുകയും ധാരാളം മാമ്പഴങ്ങൾ ലഭിച്ചിരുന്ന കൂറ്റൻ മാവും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വടവൃഷം മുറിച്ചു മാറ്റി. ഇതോടെ മാവിന്റടിയെന്ന പേരും തണലും കാലഹരണപ്പെട്ടു. പണ്ടുണ്ടായിരുന്ന താൽക്കാലിക തണ്ണീർപന്തലും ഇപ്പോൾ ചുമട് താങ്ങികല്ലും നിലംപതിച്ചു.
ആധുനിക പൂർവ്വകാല ഘട്ടത്തിൽ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നീളുന്ന ധാരാളം സഞ്ചാരപാതകൾ ഉണ്ടായിരുന്നു. വാഹന ഗതാഗതം നിലവിൽ വരുന്നതിന് മുമ്പ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്. ചുമട് പിടിച്ചുതരാന്‍ ആരും ഇല്ലെങ്കിലും തനിയെ എടുക്കുന്നതിനും അത്താണി സഹായിച്ചിരുന്നു.

ജില്ലയിൽ ധാരാളം വാണിജ്യ പാതകൾ ഉണ്ടായിരുന്നതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം മൈസൂർ, മറക്കാറ, ജാൽസൂർ, മുളിയാർ വഴി ബേക്കലിൽ എത്തുന്നതും ബേക്കൽ, പനയാൽ, കരിച്ചേരി, മക്കാളിപ്പാറ, സുള്ള്യ വഴി മറക്കാറിലേക്കും. പുണ്യപ്രവർത്തിയായി ദേശപ്രമാണികളോ നാട്ടുപ്രമാണികളോ അത്താണി സ്ഥാപിച്ച് തണ്ണീർ പന്തലുകളിൽ കുടിവെള്ളം നൽകുന്നത് ധാർമ്മികവും സഹായ മനസ്കതയുമുള്ള ജനങ്ങൾ ജീവിച്ചിരുന്ന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു.
ചുമട് താങ്ങിയും അമൂല്യ ചരിത്ര സ്മാരകമാണെന്ന് ചരിത്രകാരൻ ഡോ.സി.ബാലൻ ചാനൽ ആർ.ബിയോട് പറഞ്ഞു. ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ സമൂഹത്തിനുണ്ടെന്നും അല്ലാത്തപക്ഷം പുതിയ തലമുറയ്ക്കുള്ള അറിവ് നഷ്ടപ്പെടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറുകച്ചവട കേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം, തൃശ്ശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ അത്താണി, രണ്ടത്താണി, കല്ലത്താണി, പുത്തനത്താണി തുടങ്ങിയ പേരുകളിൽ പ്രദേശങ്ങളുണ്ട്.
പ്രാദേശിക ചരിത്രാന്വേഷകനും ബേത്തൂർപാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ തമ്പാൻ.കെ മീയങ്ങാനവും ആവശ്യപ്പെടുന്നത് മഹാശിലായുഗ ശേഷിപ്പുകൾ ഉൾപ്പെടെ നിലനിൽക്കുന്ന നമ്മുടെ മലയോര പ്രദേശങ്ങളിലെ ഇത്തരം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് തന്നെയാണ്. അതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര സ്മാരകങ്ങൾ പലതും നാമാവശേഷമായി കൊണ്ടിരിക്കുന്ന ആധുനിക ജീവിതപ്പാച്ചിലിൽ നാളെയുടെ കാഴ്ചകൾക്ക് ഇതുപോലുള്ള ചരിത്രഅടയാളങ്ങൾ നിലനിൽക്കേണ്ടതുണ്ട്.
