കെ.സുരേന്ദ്രന്‍ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം, കേരളത്തിൽ ബി.ജെ.പി വളരാത്തതിൻ്റെ കാരണങ്ങൾ പരിശോധിക്കുന്നു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കെ.സുരേന്ദ്രന്‍ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം, കേരളത്തിൽ ബി.ജെ.പി വളരാത്തതിൻ്റെ കാരണങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ കഴിവുകേടിലും പാര്‍ടി അടിക്കടി പിന്നോട്ടു പോകുന്ന അവസ്ഥയിലും രോഷത്തിൽ ദേശീയ നേതൃത്വം. രണ്ടാഴ്‌ച മുമ്പ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചില്ല. സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കാണാന്‍ അമിത് ഷാ വിസമ്മതിച്ചു. ബി.ജെ.പിയുടെ വിവിധ പരിപാടികള്‍ക്കായി ഈയാഴ്‌ച കേരളത്തിൽ എത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും കേരളത്തിൻ്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവ്ദേക്കറും നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്.

ഈ വിധം സംസ്ഥാന ഘടകത്തിന് മുന്നോട്ടു പോകാൻ ഇല്ലെന്നാണ് ദേശീയ നേതാക്കള്‍ നല്‍കിയിട്ടുള്ള സൂചന. വ്യാഴാഴ്‌ച പ്രകാശ് ജാവ്ദേക്കറും ഞായറാഴ്‌ച ജെ.പി നദ്ദയും കൊച്ചിയിലെത്തും. സുരേന്ദ്രനെയും സംഘത്തെയും കണ്ണടച്ച്‌ പിന്തുണയ്ക്കുന്ന പ്രഭാരി സി.പി രാധാകൃഷ്ണനെ മാറ്റി പ്രകാശ് ജാവ്ദേക്കര്‍ക്ക് ചുമതല നല്‍കിയതിന് പിന്നില്‍ കൃത്യമായ അജന്‍ഡ കേന്ദ്ര നേതൃത്വത്തിനുണ്ട്.

തിരുവനന്തപുരത്ത് ബി.ജെ.പി അനുഭാവികളായ പൗരപ്രമുഖരെയും മാധ്യമ പ്രവര്‍ത്തകരെയും അമിത് ഷാ നേരില്‍ വിളിച്ച്‌ അഭിപ്രായം ആരാഞ്ഞു. കേരളത്തിലെ ബി.ജെ.പി വളരാത്തതിൻ്റെ കാരണങ്ങളാണ് ചര്‍ച്ച ചെയ്തത്. കൊച്ചിയില്‍ തൻ്റെ പൊതുയോഗത്തിന് ആള് കുറഞ്ഞത് ദേശീയ കോര്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന് എത്തിയപ്പോഴാണ് അമിത് ഷായെ കാണാന്‍ സുരേന്ദ്രന്‍ കോവളത്തെ ഹോട്ടലില്‍ എത്തിയത്. ഏറെനേരം കാത്തിരുന്ന് മടങ്ങുകയായിരുന്നു. ആര്‍.ജി.സി.ബിയില്‍ സുരേന്ദ്രൻ്റെ മകൻ്റെ അനധികൃത നിയമന വാര്‍ത്ത പുറത്തുവന്നതും അമിത് ഷായെ ചൊടിപ്പിച്ചിരുന്നു.

നേതൃമാറ്റം ഉടന്‍ വേണമെന്ന് സുരേന്ദ്ര വിരുദ്ധര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാര്‍ടിയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമില്ലാത്ത ‘സ്റ്റാര്‍ പദവി’ ഉള്ളവരെ കൊണ്ടുവരാനുള്ള നീക്കത്തോട് എല്ലാ ഗ്രൂപ്പുകള്‍ക്കും വിയോജിപ്പാണ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ ലക്ഷ്യം. ഇപ്പോള്‍ കേരളത്തിൽ എത്തിയ ആര്‍.എസ്‌.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും തൃശൂരിലും ഗുരുവായൂരിലും പ്രമുഖരെ കണ്ട് ചര്‍ച്ച നടത്തി.

0Shares