
കാസർകോട്: സ്വർണക്കള്ളക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കലക്ടറേറ്റ് വളപ്പിലേക്ക് ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞു പോകുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിന് മുമ്പിലെ ബാരിക്കേഡ് തകർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു നേതാക്കളുടെ പ്രസംഗത്തിന് ശേഷം വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി.

ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് എറിഞ്ഞത്. ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പ് വിട്ടുകിട്ടാൻ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പക്ഷേ, പൊലീസ് വിട്ടു നൽകാൻ തയാറായില്ല.

തൻ്റെയും കുടുംബത്തിൻ്റെയും പേരിൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തിൽ നിന്നു രക്ഷപ്പെടാൻ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിൻ്റെ ഹുങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കേന്ദ്രവും കേരളവും പരസ്പരം കള്ളനും പൊലീസും കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു.
