പക്ഷിപ്പനി; കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പക്ഷിപ്പനി; കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുക.

അതേസമയം, മലപ്പുറത്ത് പക്ഷിപ്പനി എന്ന് സംശയിച്ച് മൂന്ന് കാക്കളെ ചത്തനിലയില്‍ കണ്ടെത്തി. ഇതിന്‍റെ ഭാഗമായി ചത്ത കാക്കകളുടെ ആദ്യസാമ്പിള്‍ പാലക്കാട്ടേക്ക് അയച്ചു. ഇതില്‍ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാല്‍ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും ജാഗ്രതയോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. എന്നാല്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാ ഒരുക്കങ്ങളും മുന്‍കരുതലുകളും എടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.

കളക്ടറുടെയും ഡി.എം.ഒയുടെയും സാന്നിദ്ധ്യത്തില്‍ സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നിട്ടുണ്ടെന്നും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. കണ്ട്രോള്‍ റൂം നമ്പര്‍ : 04952762050.

0Shares