
കാസർകോട്: കേരളത്തിൽ വിവിധ ഇടങ്ങളിലായി വ്യത്യസ്ത പേരുകളിൽ മോഷണം നടത്തിവരികയായിരുന്ന വൻ മോഷ്ടാവ് കാസർകോട് പോലിസ് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ബാഹുലേയനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ വെള്ളരിക്കുണ്ടും പരിസരപ്രദേശത്തും ഉണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയന്‍ പിടിയിലായത്. മങ്കയത്തെ ജോളി ജോസെഫിൻ്റെ വീട്ടിൽ നിന്നും റബ്ബര്‍ ഷീറ്റും, കല്ലംചിറയിലെ നാസറിൻ്റെ വീട്ടില്‍ നിന്ന് അടക്കയും മോഷ്ടിച്ച സംഭവത്തിനു പുറമെ പാത്തിക്കരയിൽ ഉള്ള മധുസൂദനൻ എന്നയാളുടെ മലഞ്ചരക്ക് കടയിൽ നടന്ന അടക്ക മോഷണം. നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിൽ നടന്ന റബ്ബർ ഷീറ്റ് മോഷണം എന്നിവ നടത്തിയത് പ്രതിയാണന്നു തിരിച്ചറിഞ്ഞു. ഒരു മാസത്തിനിടെ നാല് മോഷണമാണ് സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് എസ്. ഐ വിജയകുമാറിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.

പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ബാഹുലേയന്‍ വലയിലായി. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി 30 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാഹുലേയനെന്ന് പൊലീസ് വ്യക്തമാക്കി. കല്യാണരാമന്‍,ദാസ് ബാബു,സുന്ദരന്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ബാഹുലേയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആണ് പൊലീസിൻ്റെ തീരുമാനം.
പ്രതിയെ പിടികൂടിയ പോലിസ് സംഘത്തിൽ എസ്.ഐ വിജയകുമാറിനെ കൂടാതെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഭാസ്കരൻ നായർ, എ.എസ്.ഐ രാജൻ,സരിത എസ്.സി.പി.ഒമാരായ നൗഷാദ്, രജി കുമാർ, സുന്ദരൻ, ജലീൽ സി.പി.ഓമാരായ ബിജോയ്, സുധീഷ്, ജയരാജ് എന്നിവർ ഉണ്ടായിരുന്നു.ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
