
തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ എം.എൽ കമ്പനി ഏറ്റെടുക്കൽ നടപടി കേന്ദ്രത്തിന്‍റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.

എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും ഉറപ്പ്.

കമ്പനി കൈമാറ്റം പൂർത്തിയായാൽ കമ്പനി പുനരുദ്ധരിക്കാനും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും
ഏറ്റെടുക്കൽ വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളി യൂണിയൻ നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫ് ,വി രത്നാകരൻ, എ. വാസുദേവൻ, കെ.ജി.സാബു എന്നിവർ സംബന്ധിച്ചു.
