
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനി കൈമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. കമ്പനി കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി.
2016ൽ കമ്പനിയിലെ ഭെല്ലിന്‍റെ 51 ശതമാനം ഓഹരികൾ ഒഴിയാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ 49 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു.
കേന്ദ്ര സർക്കാർ കമ്പനിയായ ഭെല്ലിന്‍റെ ഓഹരികൾ കൂടി ഏറ്റെടുത്ത് പഴയത് പോലെ പൂർണ്ണമായും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാൻ 2017 ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു എങ്കിലും അത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കാൻ രണ്ടര വർഷം കാലതാമസമുണ്ടായി.

2019 സെപ്തവർ 7ന് ഇറക്കിയ സർക്കാർ ഉത്തരവിൽ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനും അത് സംബന്ധിച്ച വിൽപന കരാർ ഒപ്പിടുവാനും അനുമതി നൽകിയിരുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും കരാറിന് കേന്ദ്ര സർക്കാരിന്‍റെ അന്തിമ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ജൂൺ 25 ന് എസ്. ടി. യു ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് അഡ്വ.പി.ഇ.സജൽ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എൻ.നാഗ രേഷിന്‍റെ വിധി.
കൈമാറ്റനടപടികൾ നീണ്ട് പോയതിനാൽ 2018 ഡിസമ്പർ മാസം മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കയാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജീവനക്കാരുടെ പ്രോവിഡൻ്റ് ഫണ്ട് വിഹിതം അടക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പി.എഫ് പെൻഷനും ഗ്രാറ്റിവിറ്റിയും ലഭിച്ചിട്ടില്ല. പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഉല്പാദനം മുടങ്ങുകയും കൈവശമുണ്ടായിരുന്ന ഓർഡറുകൾ നഷ്ടപ്പെടുകയും ചെയ്ത കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ജീവനക്കാർ സമരത്തിൻ്റെ വഴിയിലാണ്.
എസ്. ടി. യു നടത്തിയ റിലേ സത്യാഗ്രഹം 198 ദിവസമായപ്പോഴാണ് ലോക്ഡൗൺ കാരണം കമ്പനി അടച്ചിട്ടത്. കാസർകോട് എം.എൽ.എ എൻ.എ.നെല്ലിക്കുന്ന് കാസർകോട് ടൗണിൽ സത്യാഗ്രഹം നടത്തിയതുൾപ്പടെ നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ഏഴ് മാസമായി പ്രവർത്തനരഹിതമായ കമ്പനിക്കും ജീവനക്കാർക്കും പുതിയ പ്രതീക്ഷ നൽകുന്നതാണ് ഹൈക്കോടതിയുടെ വിധി.
