
കാസർകോട് ജില്ലയിലെ ഭെൽ ഇ.എം.എൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയാക്കണമെന്ന വിധി പുന:പരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഓഹരി കൈമാറ്റം പൂർത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഓഹരി കൈമാറ്റത്തിനുള്ള തീരുമാനം കേന്ദ്രസംസ്ഥാന സർക്കാരുകൾ വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്ത് തീരുമാനിച്ചെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഭെൽ ഇ.എം.എൽ ജീവനക്കാരനും എസ്. ടി. യു ജനറൽ സെക്രട്ടറിയുമായ കെ.പി.മുഹമ്മദ് അഷറഫ് അഡ്വ.പി.ഇ.സജൽ മുഖേന നൽകിയ ഹർജിയിൽ 2020 ഒക്ടോബർ 13 ന് ജസ്റ്റിസ് എൻ.നഗരേഷാണ് മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടത്.
വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ ഹര്‍ജിക്കാരൻ നൽകിയ കോടതി അലക്ഷ്യ ഹരജിയിലാണ് പുതിയ ഉത്തരവ്. ഇതിനിടയിൽ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് സെക്രട്ടറി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
