
തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച നടൻ ഭീമൻ രഘു എ.കെ.ജി സെൻ്റെറിലെത്തിയത് രാക്ഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി.ശിവൻകുട്ടിയെയും കണ്ട അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ബി.ജെ.പിയിലായിരുന്നപ്പോള്‍ അനുഭവിച്ച ദുരനുഭവങ്ങളും പങ്കുവെച്ചിരുന്നു.
‘ആദര്‍ശപരമായ വിയോജിപ്പ് കാരണമാണ് ബി.ജെ.പി വിട്ടത്. ചിന്തിക്കാൻ കഴിയുന്നവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. വിജയിക്കാൻ വേണ്ടിയല്ല ഞാൻ സത്യത്തില്‍ അതിനകത്ത് വന്നത്. പക്ഷെ നമുക്കുള്ള കഴിവുകളെ കാണിക്കാൻ ഒരവസരം അവര്‍ തരുന്നില്ല. അതാണ് അവിടെ നിന്ന് മാറാനുള്ള കാരണം. 2016ലെ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് ബി.ജെ.പിയില്‍ നിന്ന് ഒരുപാട് മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചു.

ഗണേഷ് കുമാറിൻ്റെ പ്രചാരണത്തിന് മോഹൻലാല്‍, പ്രിയദര്‍ശൻ… അങ്ങനെ ഒരുപാടാളുകള്‍ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു. എനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയില്‍ നിന്ന് -സുരേഷ് ഗോപി. അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എപ്പോഴും അദ്ദേഹത്തിൻ്റെ പി.എ ആണ് ഫോൺ എടുത്തത്. അദ്ദേഹം ഭയങ്കര തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചു. അപ്പോള്‍ സുരേഷ് ഗോപിയെടുത്ത് സംസാരിച്ചു. ‘സുരേഷേ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേള്‍ക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ’ എന്നു ചോദിച്ചു. എന്നാല്‍, പ്രധാനമന്ത്രിക്കൊപ്പം മറ്റു പ്രചാരണ ചുമതലകള്‍ ഏറ്റതിനാല്‍ വരാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം’, ഭീമൻ രഘു പറഞ്ഞു.
നേതൃത്വവുമായുള്ള ഭിന്നത കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. നേരത്തെ സംവിധായകൻ രാജസേനനും ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
