
കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ജൂലൈ 13ന് രാവിലെ 10 ന് കാസർകോട് കളക്ടറേറ്റിൽ ചുമതയേൽക്കും. രാവിലെ 11 ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ജില്ലയിലെ ആദ്യ വനിതാ കളക്ടറാണ് ഇവർ. 2010 ഐ. എ.എസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്.

മിഷിഗൺ യൂണിവേഴ്സിറ്റി സ്റ്റീഫൻ എം റോസ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദവും നേടിയിട്ടുണ്ട്.
നിലവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.
പരേതനായ റൺവീർ ചന്ദ് ഭണ്ഡാരിയുടെയും സുഷമ ഭണ്ഡാരിയുടെയും മകളാണ്. ഭർത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറൽ എൻജിനീയർ നികുഞ്ച് ഭഗത്. മക്കൾ: വിഹാൻ, മിറാൾ.
