
രാജ്യത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(96) അന്തരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലയിലും അദ്ദേഹം അറിയപ്പെട്ടു. 1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിൻ്റെ ആദ്യ പ്രസിഡന്റായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി.
1943ല്‍ ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു..മുംബൈയില്‍ നടന്ന ഒന്നാം പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. പി.കൃഷ്ണപിള്ളയാണ് ബെര്‍ലിൻ്റെ രാഷ്ട്രീയ ഗുരു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിൻ്റെ നേതൃസ്ഥാനത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം. 1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ടി പ്രവര്‍ത്തനം നടത്തി. 1948 ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. എമ്മിനൊപ്പം നിന്നു . 57 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്‌സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.
. 79ാം വയസില്‍ സി.പി.ഐ. എമില്‍ നിന്ന് പുറത്താക്കപ്പെട്ടു. കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.
