
ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്‍റെ ബോഗിയിൽ തീ പിടുത്തം. ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് തിരുവനന്തപുരം നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്.
തിരുവനന്തപുരത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ബ്രേക്കിലെ തകരാറും മറ്റ് സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.
