അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

  • Post category:local news / tourism
  • Reading time:2 mins read
You are currently viewing അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കാസർകോട്: ബേക്കലിൻ്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നിലവിലുള്ളതിന് പുറമെ പൂതിയ ആകര്‍ഷണങ്ങളും ആശയങ്ങളുമായി ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കുമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് വരുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് അനുഭവഭേദ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ബേക്കല്‍ ടൂറിസം വില്ലേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഉത്തരവാദിത്ത ടൂറിസത്തിലൂടെ തദ്ദേശീയരായ ജനങ്ങള്‍ കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. നിലവില്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരികളാക്കണമെങ്കില്‍ അവര്‍ക്ക് ഇവിടെ 24മണിക്കൂറും ചിലവഴിക്കാന്‍ കഴിയണം. താമസ സൗകര്യങ്ങളുടെ അപര്യാപ്തത ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഉണ്ട്. ടൂറിസം വില്ലേജ് വരുന്നതോടെ വൈകുന്നേരങ്ങള്‍ ചിലവഴിച്ച് പോകുന്ന സ്ഥിതി മാറ്റി ഇവിടെ താമസിക്കുന്ന നിലയുണ്ടാകും.

കൂടുതല്‍ ഹോം സ്റ്റേകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും മലബാറിലെക്കെത്തുന്നില്ല. മലബാറിൻ്റെ ടൂറിസം സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനാകൂ. നിലവില്‍ കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ആറ് ശതമാനം ആളുകള്‍ മാത്രമാണ് മലബാറിലേക്കെത്തുന്നത്. ഉത്തരമലബാറിലേക്കെത്തുന്നവരുടെ എണ്ണം മൂന്ന് ശതമാനം മാത്രമാണ്. കാസര്‍കോടിൻ്റെ ടൂറിസം മേഖലക്ക് പ്രത്യേക ശ്രദ്ധയുണ്ടാകും. ചാലിയാറില്‍ നടത്തിയ ബോട്ട് ലീഗ് അടുത്ത വര്‍ഷം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് കൊണ്ടു വരുന്നത് പരിഗണിക്കും.

ജില്ല രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല. ജനുവരി മുതല്‍ ജൂൺ വരെയുള്ള ആറ് മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ വന്‍ വര്‍ധനവാണ് ജില്ലയിലുണ്ടായത്. സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജില്ലാ ഭരണകൂടം, ടൂറിസം ഡയരക്ടറേറ്റ്, ഡി.ടി.പി.സി, ബി.ആര്‍.ഡി.സി എന്നിവ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത് സാധ്യമായതെന്നും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടെന്ന് നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതായും മന്ത്രി പറഞ്ഞു.

നിലവില്‍ ബേക്കലില്‍ എട്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ ആറെണ്ണം ഈ വര്‍ഷം പൂര്‍തീകരിക്കുന്നതിന് ഓരോന്നിനും ഡിസംബര്‍ 31ന് മുമ്പുള്ള സമയം നിശ്ചയിച്ചു നല്‍കി. തിരിച്ചറിയപ്പെടാതെ പോയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ഡെസ്റ്റിനേഷന്‍ ചാലഞ്ച് നടത്തിയപ്പോള്‍ 141 തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ചുവെന്നും ഇതില്‍ ഏഴെണ്ണം കാസര്‍കോട് ജില്ലയില്‍ നിന്നുള്ളതാണെന്നും മന്ത്രി അറിയിച്ചു.

ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് പരമാവധി 50ലക്ഷം രൂപ വരെ അനുവദിക്കുമെന്നും പദ്ധതിയുടെ 60ശതമാനം തുക ടൂറിസം വകുപ്പ് 40ശതമാനം തുക ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് വഹിക്കണം. ഇതില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എടുക്കാം. നല്ല സാധ്യതകളുള്ള പദ്ധതികള്‍ ഇനിയും വന്നാല്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

0Shares