കഴുത്തറുത്ത് കൊലപാതകം; കേസ് എന്‍.ഐ.എ ഏറ്റെടുത്തു, രാജസ്ഥാനില്‍ കനത്ത ജാഗ്രത, കൊലപാതക വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കഴുത്തറുത്ത് കൊലപാതകം; കേസ് എന്‍.ഐ.എ ഏറ്റെടുത്തു, രാജസ്ഥാനില്‍ കനത്ത ജാഗ്രത, കൊലപാതക വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിപ്പ്

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവജാഗ്രത തുടരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട തയ്യല്‍ കടയുടമയെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്.

ഉദയ്പൂരില്‍ ഉച്ചതിരിഞ്ഞ് തയ്യല്‍ ജോലി ചെയ്യുമ്പോള്‍, കനയ്യ ലാല്‍ അറിഞ്ഞില്ല, കൊലയാളികള്‍ ഇടപാടുകാരുടെ രൂപത്തില്‍ വരുമെന്ന്. അക്രമികള്‍ പുറത്തുവിട്ട വീഡിയോയില്‍, രണ്ടുപേര്‍ കടയിലേക്ക് കയറുന്നത് കാണാം. തുണി തയ്ക്കാനെന്ന വ്യാജേനയാണ് ഇരുവരും കനയ്യ ലാലിനെ സമീപിക്കുന്നത്. കനയ്യലാല്‍ ഇതില്‍ ഒരാളുടെ വസ്ത്രത്തിൻ്റെ അളവ് എടുക്കുന്നതും കാണാം. മറ്റേയാള്‍, ഈ സമയം വീഡിയോ ഷൂട്ട് ചെയ്യുകയാണ്.

മിനിറ്റുകള്‍ക്കകം ഇരുവരും കത്തികളുമായി കനയ്യലാലിനെ ആക്രമിക്കുന്നു. ഇതും വീഡിയോയില്‍ ചിത്രീകരിക്കുന്നു. പിന്നീട് മറ്റൊരു വീഡിയോയില്‍, ക്യാമറയ്ക്ക് മുമ്പില്‍ തയ്യല്‍ക്കാരനെ വകവരുത്തിയതിനെ കുറിച്ച്‌ സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നു.

ഉദയ്പൂരില്‍ വലിയ സംഘര്‍ഷ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിൻ്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലീസ് നിര്‍ദേശം നല്‍കി.

പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും. തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിൻ്റെ കഴുത്ത് അറുത്ത് ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് പേര്‍ കൊലപാതക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും ഇവര്‍ ഭീഷണി മുഴക്കി.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഹവാ സിംഗ് ഗൂമരിയ, എ.ഡി.ജി.പി ദിനേഷ് എം.എന്‍, ജംഗ ശ്രീനിവാസ് റാവു, എസ്.പി രാജീവ് പച്ചാര്‍, ഡി.ഐ.ജി രാജേന്ദ്ര ഗോയല്‍ എന്നിവരുള്‍പ്പെടെ.ഉള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

0Shares