
കേരളത്തില്‍ ബാറുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരം ലഭിച്ചാലുടൻ ഇന്നോ നാളെയോ ഉത്തരവിറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. മിക്ക സംസ്ഥാനങ്ങളിലും ബാറുകൾ തുറന്നതായും ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസം വ്യവസായത്തെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാറുടമകൾ സർക്കാരിനെ സമീപിച്ചത്.

ബാറുകൾ തുറക്കുന്നതിനോട് എക്സൈസ് വകുപ്പിനും വിരോധമില്ലായിരുന്നു. മുമ്പും ബാറുകൾ തുറക്കുന്നതിനെ അനുകൂലിച്ച് എക്സൈസ് വകുപ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണ് തൽക്കാലം ബാറുകൾ തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ബാറുകൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ നേരത്തേതന്നെ തയാറാക്കിയിരുന്നു. അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയശേഷമാകും ബാറുകൾ തുറക്കുക.
