
കാസർകോട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ജില്ലയിൽ വ്യാപകമായ് നടന്ന റെയ്‌ഡിൽ പതിമൂന്നുപേർ പോലീസ് പിടിയിൽ. കാസർകോട്, കുമ്പള, മഞ്ചേശ്വരം, മേൽപ്പറമ്പ്, ഹോസ്ദുർഗ്ഗ്, ബേക്കൽ, ചന്തേര, ആദൂർ, അമ്പലത്തറ, ബദിയഡുക്ക മുതലായ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങളുമായി പതിമൂന്നുപേരെ പോലീസ് പിടികൂടിയത്.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് കടകളിലും പൊതുസ്ഥലങ്ങളിലും വെള്ളിയാഴ്‌ച വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ പാൻമസാല ഉൽപ്പന്നങ്ങൾക്കായ് വ്യാപക തെരച്ചിൽ നടന്നത്. കാസർകോട് വനിതാ പോലീസ് എസ്.ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ കയ്യാർ പാറമ്പളയിലെ പി.ഇബ്രാഹിമിനെ (56) പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടി.

മഞ്ചേശ്വരത്ത് രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ രണ്ടുപേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കീഴൂർ ടൗണിൽ നടന്ന പരിശോധനയിൽ കളനാട് ഇടുവങ്കാലിലെ സി.ശാശ്വതിനെ (20) പാൻമസാല ഉൽപ്പന്നങ്ങളുമായി പിടികൂടി. ഹോസ്ദുർഗ്ഗ് എസ്.ഐ. സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ മീനാപ്പീസിൽ നടന്ന പരിശോധനയിൽ കൊയക്കുണ്ടിലെ പി.ഹാരീസിനെ (39) നിരോധിത ലഹരി വസ്‌തുക്കളുമായി പിടികൂടി.
ബേക്കൽ ഫിഷറീസ് ഗവൺമെണ്ട് ഹൈസ്ക്കൂളിന് സമീപത്തെ കടയിൽ നടന്ന പരിശോധനയിൽ സിഗററ്റ് പായ്ക്കറ്റുകൾ പിടികൂടി. ചന്തേര എസ്.ഐ. പി.ജി സാജൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തൃക്കരിപ്പൂർ സ്ക്കൂളിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തൃക്കരിപ്പൂർ പൂച്ചോലിലെ പി.സനൂപിനെ (41) പിടികൂടി.
പിടിയിലായ പതിമൂന്നുപേർക്കുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി കേസ് രജിസ്റ്റർ ചെയ്‌തു. അനധികൃത മദ്യത്തിനും മയക്ക് മരുന്നുകൾക്കുമെതിരെ പരിശോധനകൾ തുടരുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ചാനൽ ആർ.ബിയോട് പറഞ്ഞു.
