കാസര്‍കോട് ജില്ലയിലെ ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം; തീരുമാനവുമായി കൊറോണ കോര്‍ കമ്മിറ്റി യോഗം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയിലെ ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം; തീരുമാനവുമായി കൊറോണ കോര്‍ കമ്മിറ്റി യോഗം

കാസര്‍കോട്: ജ്യൂസ്, കോഫി, ചായ എന്നിവ വില്‍ക്കുന്ന ബേക്കറികള്‍ വൈകീട്ട് ആറിന് അടയ്ക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.

എന്നാല്‍ ജ്യൂസും ചായയും കോഫിയും ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ വില്‍ക്കുന്ന ചില ബേക്കറികള്‍ ആറുമണിക്കുശേഷം തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തീരുമാനം ലംഘിക്കുന്ന കടകള്‍ക്കെതിരെ സി. ആര്‍. പി. സി 144 പ്രകാരം നിരോധനജ്ഞാ ലംഘിച്ചതിനും കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും പോലീസ് കര്‍ശന നടപടി സ്വീകരിക്കും. മറ്റു കടകള്‍ക്കും പാനീയങ്ങള്‍ വില്‍ക്കാത്ത ബേക്കറികള്‍ക്കും രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.

കടകളില്‍ ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. സെക്ടറല്‍ മജിസ്‌ടേട്ടുമാര്‍ , പോലീസ്, മാഷ് പദ്ധതിയിലെ അധ്യാപകര്‍ എന്നിവരില്‍ ആരുടെയെങ്കിലും പരിശോധനയില്‍ ഉടമയും ജീവനക്കാരും ഗ്ലൗസും മാസ്‌കും ധരിക്കാത്തതായി കണ്ടെത്തിയാല്‍ ഏഴ് ദിവസത്തേക്ക് കട അടച്ചുപൂട്ടണമെന്നും തീരുമാനിച്ചു. സ്റ്റീല്‍ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്‍കരുത്. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല. തട്ടുകടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാഴ്‌സല്‍ വിതരണം ചെയ്യേണ്ടതാണ്. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് റവന്യു-പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

. ജില്ലാ പോലീസ് മേധാവി ഡി. ശില്പ,സബ്കലക്ടര്‍ ഡി. ആര്‍ മേഘശ്രീ,എ.ഡി.എം എന്‍. ദേവീദാസ്,ഡി. എം.ഒ ഡോ എ. വി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,കോറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares