
ബദിയടുക്ക/ കാസര്‍കോട് : ബദിയടുക്ക ടൗണിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഭീഷണിയായി ഗുണ്ടാ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് അവര്‍ക്ക് ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രി കാലങ്ങളില്‍ കഞ്ചാവ്, മദ്യം, മണല്‍ കടത്ത് തുടങ്ങിയ മാഫിയ ഇടപാടുകള്‍ സജീവമായി നടന്നു വരികയാണ്. ഇതിനെതിരെ ചോദ്യം ചെയ്യുന്ന നാട്ടുകാരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്.

ഇവരുടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ങ്ങള്‍ നാടിന്‍റെ സമാധാനം കെടുത്തുന്നു. കൂടാതെ സാധാരണക്കാരുടെ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ച് വധഭീഷണി മുഴക്കുന്നു. പോലീസിന്‍റെ ഒത്താശയാണ് ഇവരുടെ അഴിഞ്ഞാട്ടത്തിന് കാരണമെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
യോഗം മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബദ്രുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല ചാലക്കര, കെ. എസ് മുഹമ്മദ്, ബി. എസ് ഇബ്രാഹിം മൂക്കംപാറ, എ. എസ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
