
അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയിൽ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്, കാലുകളിൽ ചതവുമുണ്ട്. തലച്ചോറിന്‍റെ പ്രഷർ കൺട്രോൾ ചെയ്യാനുളള ചികിത്സയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കോലഞ്ചേരി മെഡി.കോളേജിലെ ഡോ.സോജൻ ഐപ്പ് അറിയിച്ചു.

കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കുട്ടിക്ക് കട്ടിലിൽ നിന്ന് വീണ് പരിക്കുപറ്റിയെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. അതിൽ സംശയം തോന്നിയ ഡോക്ടർമാർ വീണ്ടും ചോദ്യം ചെയ്തപ്പോൾ കൊതുകിനെ കൊല്ലാനായി ബാറ്റ് വെച്ച് അടിച്ചപ്പോൾ നെഞ്ചത്തു കൊണ്ടുവെന്നാണ് പറഞ്ഞത്. സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. രണ്ടുമണിക്കൂറിനകം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മെഡിക്കോ ലീഗൽ കേസായി രജിസ്റ്റർ ചെയ്തു. തലച്ചോറിനകത്തും തലച്ചോറിന് ചുറ്റും രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
കുഞ്ഞിന് തുടർച്ചയായി അപസ്മാരം വന്നുകൊണ്ടിരുന്നു. അതിന് മരുന്ന്കൊടുത്തിനെ തുടർന്ന് അപസ്മാരം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കുട്ടി അബോധാവസസ്ഥയിലാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടിൽ ഷൈജു തോമസാ (40) ണ് തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
