
ബാബറി മസ്ജിദ് തകർത്ത കേസിൽ വാദം കേൾക്കുന്ന സി.ബി.ഐ കോടതിക്ക് വിചാരണ തീർക്കാൻ സെപ്തംബർ 30 വരെ സമയം നൽകി സുപ്രീം കോടതി. പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാർ യാദവ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് പുതിയ തീരുമാനം. നേരത്തെ ആഗസ്റ്റ് 31 വരെ സുപ്രീം കോടതി ലഖ്‌നൗവിലെ വിചാരണ കോടതിക്ക് സമയം നൽകിയിരുന്നു.

2017 ഏപ്രിലിൽ വിചാരണ കോടതിയോട് കേസിൽ എല്ലാ ദിവസവും വാദം കേൾക്കാനും രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ ജഡ്ജിയുടെ റിപ്പോർട്ട് പഠിച്ച ശേഷം വാദം അന്തിമഘട്ടത്തിലാണെന്ന് മനസിലായെന്നും തുടർ നടപടികൾ പൂർത്തിയാക്കാൻ ഒരു മാസംകൂടി സമയം നൽകുന്നത് ഉചിതമാണെന്ന് കരുതുന്നതായും കോടതി നിരീക്ഷിച്ചു.
കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരും പ്രതികളാണ്. ജൂലൈ 24 ന് 92 കാരനായ അദ്വാനി വീഡിയോ കോൺഫറൻസിലൂടെ മൊഴി നൽകിയിരുന്നു. 86 കാരനായ ജോഷി അതിന് തൊട്ടുമുമ്പുള്ള ദിവസവും മൊഴി നൽകി. കേസിലെ വിധി എന്തായാലും തനിക്ക് പ്രശ്നമില്ലെന്ന് ജൂലൈ 25 ന് കോടതിയിലെത്തിയ ഉമാ ഭാരതി പറഞ്ഞിരുന്നു.
