
കുറ്റിക്കോൽ / കാസർകോട്: താല്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുറ്റിക്കോൽ ആയുഷ് ആയുർവേദ ഡിസ്പെൻസറി സർക്കാർ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് സി.പി.ഐ(എം) ഞെരു ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ലാത്ത ഇക്കാലത്ത് പതിനാറ് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പോലീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് മാർഷൽ ആർട്സ് സ്ഥിരം പരിശീലനവും നെല്ലിത്താവ് കാഞ്ഞനടുക്കത്ത് പൊതു ശ്മശാനം തുടങ്ങാൻ ഗ്രാമപഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റിക്കോൽ ടൗണിൽ പകൽ വീട് വിശ്രമകേന്ദ്രവും റോഡുകളിലും പൊതു വഴികളിലും തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും കളിസ്ഥലവും, നീന്തൽകുളവും നിർമ്മിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ സി.കുട്ടികൃഷ്ണനെ വീണ്ടും സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കുറ്റിക്കോൽ ലോക്കൽ സമ്മേളന പ്രതിനിധികളായി പി.രാധാമണി, കെ. സുനിത വിജയൻ, കെ.സി. ബാലകൃഷ്ണൻ, സി.സുരേഷ്, അർജുൻ കല്ലിങ്കാൽ, സി.കുട്ടികൃഷ്ണൻ, പീതാംബരൻ എന്നിവരെ തെരഞ്ഞെടുത്തു.
