
കോവിഡ് മഹാമാരി രാജ്യത്ത് 19 ലക്ഷം പേരിലെത്തി നിൽക്കുമ്പോൾ,അയോധ്യ വിഷയത്തെക്കാൾ കോവിഡ് പ്രതിരോധത്തിനും ദ്രാരിദ്രത്തിൽ കഴിയുന്നവർക്ക് സാന്ത്വനം നൽകാനുമാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദിൽ ആരാധന അനുവദിച്ചതിന്റെയും ശിലാന്യാസ് അനുവദിച്ചതിന്റെയും കർസേവന നടത്താൻ പാകത്തിൽ കണ്ണടച്ചിരുന്നതിന്റെയും സ്വഭാവിക പരിണതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചിരുന്നത്.

ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാരം ചീറിപ്പാഞ്ഞപ്പോൾ നിസ്സംഗതയോടെ കണ്ണടച്ചിരുന്നത് കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു. കർസേവ അനുവദിച്ചതിന്റെ സ്വാഭവിക പരിണതിയാണ് ഇന്നുണ്ടായത്. ഈ ഘട്ടത്തിലെല്ലാം കോൺഗ്രസിനൊപ്പം നിന്ന ചരിത്രമാണ് മുസ്ലിം ലീഗിനുള്ളതെന്നും പിണറായി ആരോപിച്ചു.
രാമക്ഷേത്ര നിർമാണത്തിന്റെ കാര്യത്തിൽ രാജിവ് ഗാന്ധിയും നരസിംഹ റാവുവും സ്വീകരിച്ച നിലപാടിന്റെ തുടർച്ച തന്നെയാണ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും. അതിൽ അദ്ഭുതപ്പെടാനില്ലെന്നും പിണറായി പറഞ്ഞു.
