
കാസർകോട്: പെർള ചവർക്കാട് പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫ എന്ന എട്ടാം ക്ലാസ്സ് കാരനെ തടഞ്ഞ് നിർത്തി വധിക്കാൻ ശ്രമിച്ച ആർ.എസ്.എസ്. ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് ആവശ്യപ്പെട്ടു.

ജീവൻ രക്ഷാർത്ഥം വീട്ടിലേക്കോടിയ കുട്ടിയെ വീട് കയറി വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയും മാതാവിനെ തള്ളിയിടുകയും ചെയ്ത സംഭവം ഗൗരവകരമാണ്. വർഗ്ഗീയ ഭ്രാന്ത് തലക്ക് പിടിച്ച ആർ. എസ്. എസ് ക്രിമിനലുകൾ ഉത്തരേന്ത്യൻ മോഡൽ അക്രമമാണ് പെർളയിൽ നടത്തിയത്. അതിര്‍ത്തി ഗ്രാമങ്ങളിൽ അക്രമണം നടത്തി കർണ്ണാടകയിലെ സുരക്ഷിത കേന്ദ്രത്തിൽ അഭയം തേടുന്നത് പതിവായിരിക്കുകയാണ്. ഇത്തരം സ്ഥിരം ക്രിമിനലുകളുടെ പട്ടിക കർണ്ണാടക പോലീസിന് കൈമാറാൻ കേരള പോലീസ് തയ്യാറാകണമെന്ന് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കുതറിയോടി വീട്ടിലെത്തിയ കുട്ടിയെ സംഘം പിന്തുടര്‍ന്നെത്തുകയും വീട്ടില്‍ അതിക്രമിച്ച് അക്രമം തുടരുകയും ചെയ്തു. തടുക്കാന്‍ ശ്രമിച്ച മാതാവിനെ തള്ളിയിടുകയും വീട്ടിലുള്ളവര്‍ക്കെതിരെയും അക്രമം കാട്ടുകയുമായിരുന്നു. ബഹളം വെച്ചതോടെ സംഘം സ്ഥലംവിടുകയായിരുന്നു.

