ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം, കൈക്കൂലി 18 കോടി’; സമീര്‍ വാങ്കഡെയ്ക്ക് പങ്കെന്ന് സാക്ഷിയുടെ വെളിപ്പെടുത്തൽ

  • Post category:news
  • Reading time:1 min read
You are currently viewing ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം, കൈക്കൂലി 18 കോടി’; സമീര്‍ വാങ്കഡെയ്ക്ക് പങ്കെന്ന് സാക്ഷിയുടെ വെളിപ്പെടുത്തൽ

നടന്‍ ഷാരൂഖ് ഖാൻ്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) മുതിർന്ന ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയും കെ.പി.ഗോസവിയും തമ്മിൽ ഗൂഢാലോചനയും പണം കൈമാറ്റവും നടന്നെന്നു സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ഇവര്‍ക്കിടയില്‍ നടന്ന 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രൈവറ്റ് ഡിറ്റക്ടീവെന്നു പറയപ്പെടുന്ന കെ.പി.ഗോസവി, ആര്യനൊപ്പമെടുത്ത സെൽഫി വൈറലായിരുന്നു. പ്രഭാകര്‍ സെയില്‍ ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ലഹരിമരുന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് താന്‍ കേട്ടിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കണമെന്നാണ് പറഞ്ഞിരുന്നത്.

ഗോസാവിയില്‍നിന്ന് പണം വാങ്ങി താന്‍ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഭാകറിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ തൻ്റെ ജീവനില്‍ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, എന്‍.സി.ബി. സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

0Shares