
പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചതിന് പ്രത്യുപകാരമായി ലൈംഗികാവശ്യം ഉന്നയിച്ച് അധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിന്‍ പി.എഫ് (ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിൻ്റെ തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് വിജിലന്‍സിന് ലഭിച്ചു.

പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതിൻ്റെ ചാറ്റുകളും കണ്ടെത്തി. ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കാലതാമസം വരുത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്‍.വിനോയ് ചന്ദ്രനെ വിജിലന്‍സ് പിടികൂടിയത്.
അധ്യാപികയുടെ പരാതിയിലായിരുന്നു നടപടി. സാങ്കേതിക തകരാര്‍ മൂലം 2017 മുതല്‍ അധ്യാപികയുടെ പി എഫ് തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടര്‍ന്ന് നിരന്തരം വാട്‌സാപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തൻ്റെ സ്വകാര്യ ചിത്രങ്ങള്‍ അധ്യാപികയുടെ വാട്‌സാപ്പിലേക്ക് അയച്ചു. 15 ദിവസം മുമ്പ്, തകരാര്‍ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചു. ഇതോടെയാണ് അധ്യാപിക വിജിലന്‍സിനെ സമീപിച്ചത്.
