
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്തുണ്ടായിരുന്ന ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നാണ് വിവരം. 102 പേരെ കാണാതായി എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 32 പേരെ രക്ഷപെടുത്തി എന്ന് ശ്രീലങ്കൻ സൈന്യം അറിയിച്ചു.
വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തർവാഹിനി ആക്രമണം നടന്നത്. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വ്യോമസേന വിമാനങ്ങളും അയച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് അറിയിച്ചു. കപ്പലിലെ പരിക്കേറ്റവരെ സൈന്യം ആദ്യം രക്ഷപ്പെടുത്തി. എന്നാൽ തിരച്ചിൽ തുടരുന്നുണ്ട്. നിരവധി മൃതദേഹങ്ങൾ ലഭിച്ചു എന്ന വിവരവും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിൽ നടന്ന അന്തർവാഹിനി ആക്രമണത്തെ ഇന്ത്യ ജാഗ്രതയോടെയാണ് കാണുന്നത്.
