ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; 5 എസ്.ഡി.പി.ഐ- ലീഗുകാര്‍ അറസ്റ്റിൽ, 29 പേർക്ക് ജാമ്യമില്ലാ കേസ്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; 5 എസ്.ഡി.പി.ഐ- ലീഗുകാര്‍ അറസ്റ്റിൽ, 29 പേർക്ക് ജാമ്യമില്ലാ കേസ്

കോഴിക്കോട്: ബാലുശേരിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ ജിഷ്‌ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബാലുശേരി പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എസ്.ഡി.പി.ഐ രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു. അക്രമിസംഘം ജിഷ്‌ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌.ഐ.ആറിലുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡി.വൈ.എഫ്‌.ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്‌ണുവിനെ എസ്.ഡി.പി.ഐ -ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണിമുതല്‍ മൂന്നരവരെ സംഘം തന്നെ മര്‍ദ്ദിച്ചെന്നാണ് ജിഷ്‌ണു പറഞ്ഞത്.

മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്‌ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ജിഷ്‌ണു പറഞ്ഞത്: ”സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസിലാക്കണം. ഇന്നലെ 12 മണി മുതല്‍ മൂന്നരവരെ എസ്.ഡി.പി.ഐ- ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇന്നലെ എന്റെ ബെര്‍ത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാന്‍ വേണ്ടിയിട്ട്.”

”അവിടെ എത്തി ബൈക്ക് നിര്‍ത്തിയപ്പോള്‍ മൂന്നുപേര്‍ പാലോളി മുക്കില്‍ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നില്‍ക്കുകയാണെന്ന് പറഞ്ഞു. അപ്പോള്‍ നടുവില്‍ നിന്ന ആള്‍, പേര് അറിയില്ല, കണ്ടാല്‍ അറിയാം, അയാള്‍ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കില്‍ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായത് കൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് അഞ്ച് ചെക്കന്‍മാര്‍, കണ്ടാല്‍ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു. ആദ്യത്തെ മൂന്നുപേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്.ഡി.പി.ഐയുടെയും ലീഗിൻ്റെയും കൊടിമരങ്ങള്‍ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ തിരിച്ച് പറഞ്ഞു, അറിയില്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞ് തരാം. ഞങ്ങള്‍ പറയുന്നത് പോലെ തന്നെ പറയണമെന്ന്. അല്ലെങ്കില്‍ അനുഭവിക്കുമെന്ന് പറഞ്ഞു. ആദ്യം കാര്യമാക്കിയില്ല.”

”അറിയില്ലെങ്കില്‍ പറഞ്ഞു തരാം, നിൻ്റെ പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറയണം. വീഡിയോ ഓണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു. വന്നവരില്‍ ചിലര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പോലീസെത്തിയാണ് മോചിപ്പിച്ചത്. എന്നാല്‍ പോലീസിനെയും അവര്‍ ഭീഷണിപ്പെടുത്തി. മര്‍ദിച്ച ആളുകളെ കണ്ടാല്‍ തിരിച്ചറിയും. ചിലര്‍ നാട്ടിലുളളവരാണ് മറ്റുചിലര്‍ പുറത്ത് നിന്നും എത്തിയവരാണ്”. പരാതിയിൽ ജിഷ്‌ണു പറഞ്ഞു.

0Shares