
വയനാട്: ആനക്കൊലയിൽ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എം.പി വയനാട്ടിൽ. രാവിലെ പടമല ചാലിഗദ്ധയില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ വീട് സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം. വീടിനുള്ളിൽ പ്രവേശിച്ച രാഹുൽ ഗാന്ധി കുടുംബവുമായി സംവദിച്ചു. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു സന്ദർശനം.
ശനിയാഴ്‌ച വാരാണസിയിൽ രാഹുൽ ഗാന്ധി തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച പാക്കത്തെ പോളിന്‍റെ വീടും, മൂടക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീടും എം.പി സന്ദര്‍ശിക്കും.

വയനാട്ടിൽ രാഹുലിൻ്റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന് കമ്മ്യൂണിക്കേഷൻ്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഞായറാഴ്‌ച പ്രയാഗ്‌രാജിൽ യാത്ര പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ കാട്ടാനകളുടെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ച സാഹചര്യത്തിൽ, ഈ മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വയനാട് ജില്ലയിൽ ശനിയാഴ്‌ച ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജില്ലയിലെമ്പാടും വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹർത്താൽ പുൽപ്പള്ളിയിൽ അക്രമാസക്തമായി. പ്രതിഷേധക്കാർ വനംവകുപ്പിൻ്റെ വാഹനം നശിപ്പിക്കുകയും കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിനെ വാഹനത്തിന് മുകളിൽ കെട്ടുകയും ചെയ്‌തു.
