
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്‌ച തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സമ്മേളനത്തിൻ്റെ ചോദ്യോത്തരവേള അവസാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനാണ് സമ്മേളനം. ബാർ കോഴ, സി.എം.ആർ.എൽ വിവാദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. വിവാദങ്ങൾ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
ഇതിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരും. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം.ജോണ്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കിയിട്ടുണ്ട്.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം അത്യധികം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സിദ്ധാർത്ഥ് റാഗിങ്ങിന് ഇരയായി. ആരോപണ വിധേയരായ 20 വിദ്യാർഥികളെയും അറസ്റ്റ് ചെയ്‌തു. പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിച്ചു.
മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തുനൽകി. കത്ത് ലഭിച്ച അന്നുതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. കാര്യക്ഷമമായ അന്വേഷണ നടപടികൾ പൊലീസും സർക്കാരും സ്വീകരിച്ചു. അന്വേഷണം വൈകിപ്പിക്കുന്ന ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

റാഗിംഗ് തടയാന്‍ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കും. സിദ്ധാർത്ഥൻ്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ വച്ച് താമസിപ്പിച്ചു എന്നു കരുതി അട്ടിമറിയെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം ക്രൂരത എവിടെ നടന്നാലും ആര് നടത്തിയാലും ഒരുതരം സംരക്ഷണവും നൽകില്ല. റാഗിങ്ങിന് നേതൃത്വം കൊടുത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.
ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷനായി സഭ പിരിഞ്ഞിരുന്നു. ജൂലൈ 25നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്‌പീക്കർ അറിയിച്ചിരുന്നു.
