പ്രശ്‌നം സൈഡ് തരാത്തതല്ല, കെ.എസ്‌.ആർ.ടി.സി ഡ്രൈവർ ലൈംഗിക ചുവയോടെ ഒരു ആക്ഷൻ ഞങ്ങളെ കാണിച്ചു; ബോധപൂര്‍വം കരിവാരി തേക്കുന്നു: ആര്യ രാജേന്ദ്രൻ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing പ്രശ്‌നം സൈഡ് തരാത്തതല്ല, കെ.എസ്‌.ആർ.ടി.സി ഡ്രൈവർ ലൈംഗിക ചുവയോടെ ഒരു ആക്ഷൻ ഞങ്ങളെ കാണിച്ചു; ബോധപൂര്‍വം കരിവാരി തേക്കുന്നു: ആര്യ രാജേന്ദ്രൻ

തലസ്ഥാനത്ത് നടുറോഡില്‍ കെ.എസ്‌.ആർ.ടി.സി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാൻ വേണ്ടിയാണ് താൻ കെ.എസ്‌.ആർ.ടി.സി ഡ്രൈവർക്കെതിരെ പ്രതികരിച്ചതെന്ന് മേയർ പറഞ്ഞു. ലഹരി ഉപയോഗിച്ചാണ് ഡ്രൈവർ വാഹനം ഓടിച്ചത്.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് ചെറിയ കാര്യമല്ല. വളരെ മോശമായാണ് ഡ്രൈവർ സംസാരിച്ചത്. ഇതിനു മുമ്പുള്ള ഒരു കേസിലും കെ.എസ്‌.ആർ.ടി.സി ഡ്രൈവർമാരുടെ ഭാഗം മാധ്യമങ്ങള്‍ കേട്ടിട്ടില്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികള്‍ ആയതുകൊണ്ട് ബോധപൂർവം കരിവാരി തേയ്ക്കുകയാണ്. വാഹനം തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മേയർ പറഞ്ഞു.

‘ഇടതുവശത്ത് ഒരു കെ.എസ്‌.ആർ.ടി.സി ബസ് തട്ടാൻ വരുന്നതാണ് ആദ്യം ശ്രദ്ധിക്കുന്നത്. ഞാനും എൻ്റെ സഹോദരൻ്റെ ഭാര്യയും പിന്നിലെ ഗ്ലാസിലേക്ക് തിരികെ നോക്കിയപ്പോള്‍ കെ.എസ്‌.ആർ.ടി.സി ഡ്രൈവർ ലൈംഗിക ചുവയോടെ ഒരു ആക്ഷൻ ഞങ്ങളെ കാണിച്ചു. കെ.എസ്‌.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്തു നിന്ന് അത്തരമൊരു നടപടിയുണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് വലിയ അസ്വസ്ഥതയുണ്ടായി. നിയമപരമായി നേരിടാൻ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

‘പിന്നീട് വലതുവശത്തു കൂടി അദ്ദേഹം ഓവർടേക്ക് ചെയ്‌തു. സാഫല്യം കോംപ്ലക്‌സിന് മുന്നിലെത്തിയപ്പോള്‍ റെഡ് സിഗ്‌നലായിരുന്നു. ഞങ്ങള്‍ വാഹനം നിർത്തി ഡ്രൈവറോട് സംസാരിക്കാൻ പോയി. സംസാരിക്കാൻ പോയപ്പോള്‍ തന്നെ വളരെ ചൂടായാണ് അദ്ദേഹം സംസാരിച്ചത്. നിങ്ങള്‍ ആരായാലും എനിക്ക് പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്. ലൈംഗിക ചുവയോടെ എന്തിനാണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോള്‍ മറ്റു പലതുമാണ് പറഞ്ഞത്. ലഹരി പദാർഥം ഉപയോഗിച്ച ശേഷം ഞങ്ങളുടെ സൈഡിലേക്ക് അത് വലിച്ചെറിയുകയും ചെയ്‌തു’ -ആര്യ പറഞ്ഞു.

‘ആ സമയത്ത് തന്നെ ഗതാഗത മന്ത്രിയെ ഞാൻ വിളിച്ചു. കെ.എസ്‌.ആർ.ടി.സി വിജിലൻസ് വിഭാഗത്തെ അദ്ദേഹം അയച്ചു. പൊലീസും പിന്നാലെ വന്നപ്പോള്‍ അദ്ദേഹം മാന്യമായി സംസാരിക്കാൻ തുടങ്ങി. ഇത് ഏതെങ്കിലും തരത്തില്‍ വാഹനത്തിന് സൈഡ് തരാത്ത വിഷയമല്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമാണ്. ഡ്രൈവർ ബോധത്തോടെയല്ല സംസാരിച്ചത്.

അപകടരമായി വാഹനം ഓടിച്ചതിന് ഇതിനുമുമ്പും ഈ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്ന് അദ്ദേഹം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. കെ.എസ്‌.ആർ.ടി.സി ബസിനെയാണ് അദ്ദേഹം ഇടിച്ചത്. ഒരു സ്ത്രീ തന്നെ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. പേരൂർക്കട സ്റ്റേഷനിലും ഈ ഡ്രൈവർക്കെതിരെ ഒരു പരാതിയുണ്ട്. നിരന്തരമായി അയാള്‍ അപകടകരമായി വാഹനം ഓടിക്കുന്ന ആളാണ്.’ -മേയർ പറഞ്ഞു.

സൂപ്പർ ഫാസ്റ്റ് ബസ് സൈഡ് തന്നില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാൻ ഞങ്ങള്‍ അത്ര കോമണ്‍ സെൻസില്ലാത്തവരല്ല. രാത്രി ക്ഷമ ചോദിച്ചപ്പോഴും കെ.എസ്‌.ആർ.ടി.സി ഡ്രൈവറെ താൻ സഹോദരായെന്നാണ് വിളിച്ചത്. ഞങ്ങളാരും അസഭ്യം പറയുന്ന കുടുംബത്തില്‍ നിന്നും വന്നതല്ല. ഞങ്ങളാരും അദ്ദേഹത്തിൻ്റെ അച്ഛനെ വിളിച്ചിട്ടില്ല. തൻ്റെ അച്ഛൻ കൂലിപ്പണിക്കാരനാണ്. എട്ടു വയസായ മകൻ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് എട്ടുമാസം പ്രായമായ മകളുണ്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

0Shares