സി.പി.എമ്മിൽ കൂട്ടനടപടി; മൂന്ന് ഏരിയാ കമ്മിറ്റികളും നാല് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടു

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing സി.പി.എമ്മിൽ കൂട്ടനടപടി; മൂന്ന് ഏരിയാ കമ്മിറ്റികളും നാല് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടു

ആലപ്പുഴ: ജില്ലയിൽ വിഭാഗീയതയിലും ലഹരിക്കടത്തിലും വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുമായി സി.പി.എം. ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട എ.ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ലഹരി ആരോപണം നേരിട്ടാൽ വിശദീകരണം തേടാതെ തന്നെ പുറത്താക്കണമെന്ന കർക്കശ നിർദേശമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജില്ലാ നേതൃയോഗത്തിൽ നൽകിയത്. ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കാൻ സർക്കാരിൽ ഇടപെടുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

വിഭാഗീയ പ്രശ്‌നങ്ങളിലും ശക്തമായ നടപടിയാണ് പാർട്ടി കൈക്കൊണ്ടത്. എം.എല്‍.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.പി ചിത്തരഞ്ജനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

കേരള ബാങ്ക് ഡയറക്ടര്‍ എം. സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.

സൗത്ത് ഏരിയാ സെക്രട്ടറിയുടെ ചുമതല സി.ബി ചന്ദ്രബാബുവിന് നല്‍കി. ഹരിപ്പാട് ഏരിയാ സെക്രട്ടറിയുടെ ചുമതല കെ.എച്ച്‌. ബാബുരാജിനാണ്. നോര്‍ത്ത്, സൗത്ത് ഏരിയാ കമ്മിറ്റികള്‍ ഒന്നാക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. ഹരിപ്പാടും, ആലപ്പുഴയിലും 15 അംഗ ഏരിയാ കമ്മിറ്റി നിലവിൽ വന്നു. നാല് പേരെ വീതം പിന്നീട് കൂട്ടി ചേർക്കും. വിശദീകരണം തേടിയ ആരും കമ്മറ്റികളിൽ ഉണ്ടാകില്ല. 35 പേരെയാണ് തരംതാഴ്ത്തിയത്.

മൂന്ന് ഏരിയാ കമ്മിറ്റികൾക്കു പുറമെ നാല് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടു. കൊമ്മാടി, ആശ്രമം, തുമ്പോളി, കുതിരപ്പന്തി, എന്നീ കമ്മറ്റികളാണ് പിരിച്ചുവിട്ടത്. വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി വിശദീകരണം തേടിയ 35 എ സി അംഗങ്ങളിൽ 28 പേർക്കെതിരെ നടപടി എടുത്തു. അജയ് സുദീന്ദ്രൻ, വി.എം വിജയകുമാർ, പി.പി പവനൻ, ജയപ്രസാദ്, വി.ടി രാജേഷ്, കെഎസ്ടിഎ സംസ്ഥാന പ്രസിഡണ്ട് ഡി.സുധീഷ് എന്നിവർക്കെതിരെയും നടപടി എടുത്തു.

കൂടാതെ സി.കെ സദാശിവൻ, ടി.കെ ദേവകുമാർ, ശ്രീകുമാർ ഉണ്ണിത്താൻ എന്നീ ജില്ലാ കമ്മിറ്റി അംഗങ്ങളെ പരസ്യമായി ശാസിക്കുകയും ചെയ്‌തു. ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ട് ഒഴിവുകള്‍ നികത്തേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ട്, വിശദീകരണ നോട്ടീസ് ലഭിച്ച 25 നേതാക്കളെ കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തി.

വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിക്കാൻ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു, ടി,പി രാമകൃഷ്ണൻ, പി.കെ ബിജു എന്നിവര്‍ അംഗങ്ങളായ കമ്മിഷൻ സമ്മേളന കാലത്ത് ജില്ലയില്‍ കടുത്ത വിഭാഗീയത ഉണ്ടായി എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളടക്കം 40 പേര്‍ വിഭാഗീയ പ്രവ‌ര്‍ത്തനങ്ങളുടെ ഭാഗമായി എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് സി.പി.എം നീങ്ങിയത്.

0Shares