
കുറ്റിക്കോൽ / കാസർകോട്: ജീവിത വഴികളിലെ പ്രതിസന്ധികളിൽ തളരാതെ വെല്ലുവിളികളെ അതിജീവിച്ച് ഉന്നത വിജയത്തോടെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിഷ്‌ണു പ്രസാദിന് അഭിനന്ദന പ്രവാഹം. കുറ്റിക്കോൽ കുളിയംപാറയിലെ കൂലിപ്പണിക്കാരനായ ശശി- ലീല പി.എച്ച് ദമ്പതികളുടെ മകൻ ഇനി നാടിൻ്റെ യുവഡോക്ടർ. തിരുവനന്തപുരം ഗവൺമെണ്ട് മെഡിക്കൽ കോളേജിൽ നിന്നാണ് വിഷ്‌ണു എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയത്. മെഡിക്കൽ കോളേജിലെ പരിശീലനപഠനം കൂടി കഴിയുന്നതോടെ നാട്ടിൽ സേവനം അനുഷ്‌ഠിക്കാനാണ് ആഗ്രഹമെന്ന് ഡോ. വിഷ്‌ണു പറയുന്നു.
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടിക വർഗ വിഭാഗത്തിൽ സംസ്ഥാനത്ത് നാലാം റാങ്ക് ജേതാവാണ് വിഷ്‌ണു. അഞ്ചാംതരം വരെ കുറ്റിക്കോൽ എ.യു.പി സ്‌കൂളിലാണ് പഠിച്ചത്. തുടർന്ന് പെരിയ നവോദയയിൽ നിന്നും ഉയർന്ന മാർക്കോടെ പ്ലസ്‌ടു പാസായി. ഏക സഹോദരി എസ്.എൽ വൈശാലി മലപ്പുറം മഞ്ചേരി ഗവൺമെണ്ട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

ഓലമേഞ്ഞ പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിലായിരുന്നു എഴുത്തും വായനയും പഠനവുമെല്ലാം. അഞ്ചുവർഷം മുമ്പ് വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിലും ഒരു ബൾബ് ഇടാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിനിടയിൽ ലൈഫ് ഭവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭിച്ചു. വീട് പണി പൂർത്തിയായി കയറിക്കൂടുന്നതിന് മുമ്പ് തന്നെ ശക്തമായ കാറ്റിലും മഴയിലും ഓലപ്പുര നിലംപതിച്ചു. ജീവിതത്തിലെ ഒട്ടേറെ തിക്താനുഭവങ്ങളെയും വെല്ലുവിളികളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ചാണ് വിഷ്‌ണു പ്രസാദും കുടുംബവും ജീവിത വിജയത്തിലെത്തിയത്.

അമ്മ പി.എച്ച് ലീല ആശാ വർക്കറാണ്. നാട്ടിൽ കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുഴുവൻ ഓടിനടന്ന് ഏറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയത് ശ്രദ്ധേയമാണ്.
ഡോക്ടർ പദവി നേടിയ വിഷ്‌ണു പ്രസാദിനെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അനുമോദന ഉപഹാരം നൽകി. വൈസ്. പ്രസിഡണ്ട് കെ.ശോഭനകുമാരി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷമീർ കുമ്പക്കോട്, മെമ്പർമാരായ ശാന്ത പയ്യങ്ങാനം, ലക്ഷ്‌മി കൃഷ്‌ണൻ, അസിസ്റ്റണ്ട് സെക്രട്ടറി ജയകൃഷണൻ തുടങ്ങിയവർ സംബന്ധിച്ചു.
Report: Peethambaran Kuttikol
