
എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടിപിടിക്കുമെന്നും വിരട്ടാനൊന്നും നോട്ടണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോൾ ആയിരുന്നു പുതിയ വെളിപ്പെടുത്തലിനെതിരേ പരോക്ഷമായ മറുപടി നല്‍കിയത്. അങ്ങനെയങ്ങ് വിരട്ടാനൊന്നും നോക്കണ്ട. അതിനുവേറെ ആളെനോക്കിയാ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റിയതെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. ഇതെല്ലാം പറഞ്ഞത് കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതക്ക് ചേര്‍ന്നതാണോ ചെയ്യുന്നതെന്ന് ചിന്തിക്കണം. ആരും തിരുത്താന്‍ വരുന്നില്ല. സ്വയം തിരുത്തിയാല്‍ മതി’ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹിറ്റ്‌ലറേയാണ് ആര്‍.എസ്.എസും ബി.ജെ.പിയും മാതൃകയാക്കുന്നത്. അതവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായതല്ല. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിൻ്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണ്. വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. താത്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാല്‍ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണ് ഉണ്ടാക്കുക.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ഒന്ന് വളരുമ്ബോള്‍ മറ്റതിനേയും വളര്‍ത്തുകയാണ്. അത് നമ്മുടെ രാജ്യത്തിൻ്റെയും നാടിൻ്റെയും അനുഭവമാണ്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. എന്തും വിളിച്ച് പറയാമെന്ന നിലയാണ് രാജ്യത്തിൻ്റെ പലഭാഗങ്ങളിലും. പ്രവാചകനെതിരായ അത്തരമൊരു പ്രസ്താവനയുടെ പുറത്താണ് ലോകമെമ്പാടും പ്രതിഷേധമുണ്ടായത്.
എന്നാല്‍ എന്തും വിളിച്ച് പറയാന്‍ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളത്. ലൈസന്‍സില്ലാത്ത നാക്ക് കൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിൻ്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു. വിരട്ടാനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഈ നാട് ആഗ്രഹിക്കുന്ന ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തി കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നത്.
