
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോള്‍ മാനസികമായി ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പത്മകുമാറിൻ്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരി ഷീജ പറഞ്ഞു.
ഇവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നീലക്കാറ് തെങ്കാശിയില്‍ നിന്ന് പിടിച്ചെന്ന് കേട്ടപ്പോഴാണ് ടി.വി തുറന്നു നോക്കുന്നത്. വാര്‍ത്ത കണ്ടപ്പോള്‍ ഷോക്കായെന്നും ഷീജ ഒരു പറയുന്നു.
‘കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവര്‍ ഇവിടെ വന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍, ഞങ്ങളുടെ വാഹനവും പൊലീസ് പരിശോധിച്ചെന്നാണ് അവര്‍ പറഞ്ഞത്. പത്മകുമാറിൻ്റെ ഭാര്യയാണ് ഫാമിലേക്ക് പട്ടികളെ കൊണ്ടിറക്കിയപ്പോള്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. എല്ലാ വണ്ടികളും ചെക്ക് ചെയ്‌താ ണ് അവര്‍ വിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു’.

‘ഈ സമയത്ത് മകള്‍ അനുപമയും കൂടെയുണ്ടായിരുന്നു. മകള്‍ പട്ടികളുടെ അടുത്തേക്കാണ് പോയത്. പത്മകുമാര്‍ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങള്‍ പറയാറുള്ളത്. അനുപമയെ കൊച്ചുനാളു തൊട്ടേ അറിയാം. ഈ ഫാം വാങ്ങിച്ചതിന് ശേഷമാണ് വീണ്ടും കാണുന്നത്. അപ്പോഴേക്കും വലിയ കൊച്ചായി. മകള്‍ക്ക് യൂട്യൂബിലൂടെ വലിയ വരുമാനമുണ്ടെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് ഇത് ബ്ലോക്കായെന്ന് പറയുന്നുണ്ടായിരുന്നു’.
‘ഒരു തവണ അനുപമ ഡബ്ബിംഗിൻ്റെ സാധനങ്ങള്‍ ഒക്കെ കാണിച്ചിരുന്നു. പണ്ട് രണ്ട് സുഹൃത്തുക്കള്‍ അനുപമയോടൊപ്പം ഫാമില്‍ വരാറുണ്ടായിരുന്നു. രണ്ട് പെണ്‍സുഹൃത്തുക്കളാണ് അത്. എന്നാല്‍ ഇപ്പോള്‍ ആരും വരാറില്ല. ആ കൊച്ച് എപ്പോഴും യൂട്യൂബും മൊബൈലുമായി അടുത്തൊക്കെ കയറി ഫോട്ടോ എടുക്കാറാണ് പതിവ്, അമ്മ മരിച്ച സമയത്ത് രണ്ട് തവണ ഇവരുടെ വീട്ടില്‍ പോയിട്ടുണ്ട്’- ഷീജ പറഞ്ഞു.
പത്കുമാറിൻ്റെ ഫാമിലെ ജീവനക്കാരിക്ക് വധഭീഷണി
പൂയപ്പള്ളിയില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്കുമാറിൻ്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരിക്ക് വധഭീഷണി. ‘നിൻ്റെ ഭാര്യ വാവ അണ്ണനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് അനാവശ്യം പറഞ്ഞില്ലേ. അവളെ വെട്ടിക്കൊല്ലും. അവള്‍ക്കുള്ള പെട്ടി പണിതുവച്ചോ” എന്നായിരുന്നു, ഫാം ജീവനക്കാരിയായ ഷീജയുടെ ഭര്‍ത്താവ് ഷാജിയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഞായറാഴ്‌ച വൈകിട്ട് ആറരയോടെയാണ് ഫോണ്‍ കോളെത്തിയത്. പത്മകുമാര്‍ പിടിയിലായ ദിവസം മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി ജീവനക്കാരി ഫാം തുറന്ന് നല്‍കിയിരുന്നു. ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിൻ്റെ തൊട്ടടുത്ത ദിവസവും പത്മകുമാര്‍ ഫാമില്‍ വന്നിരുന്നുവെന്നും പറഞ്ഞു. ചാത്തന്നൂര്‍ സ്വദേശിയാണ് വിളിച്ചതെന്നാണ് നിഗമനം. ഷാജി ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയ പരാതിയില്‍ പരവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
