
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും രാത്രി വൈകിയും സംഘര്‍ഷം തുടരുന്നു. പ്രദേശത്ത് വ്യാപക അക്രമം അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‍തഫാബാദിലേക്കും സംഘര്‍ഷം വ്യാപിക്കുകയും ഇവിടെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം രണ്ടു ദിവസമായി കലാപം പടരുന്ന ഡല്‍ഹിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങി പോലീസ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് നിലപാട് വ്യക്തമാക്കിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ബി.ജെ.പി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും അക്രമങ്ങളില്‍ പരിക്കേറ്റ് ജി.ടി.ബി ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
