
പാര്‍ട്ടിയിലെ പദവി രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശര്‍മ കത്തയച്ചു.
മറ്റൊരു മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന് തൊട്ടുപിന്നാലെയാണ് ശര്‍മയുടെ നീക്കം. കോണ്‍ഗ്രസില്‍ സമൂലപരിഷ്‌കരണം ആവശ്യപ്പെടുന്ന ജി 23 നേതാക്കളില്‍ പ്രമുഖരാണ് ആസാദും ശര്‍മയും.

ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തൻ്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിര്‍ണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയയ്യാറല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശര്‍മ പറഞ്ഞു.
